മഞ്ഞപ്പിത്തവും ആയുർവേദ ചികിത്സയും

വേനൽക്കാലം മഞ്ഞപ്പിത്ത സാധ്യത വളരെ കൂടുതലുള്ള സമയമാണ്.
മഞ്ഞപ്പിത്തം ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണമാണ്. ഇതിനെ പ്രധാനമായും രണ്ടായി തരം തിരിക്കാം.
  • ഒന്ന് - അണുബാധ കൊണ്ട് ഉണ്ടാകുന്നവ - വൈറൽ ഹെപ്പറ്റൈറ്റിസ് A,B,C,D,E എന്നിവയാണ്.
  • രണ്ട് - കരളിനെ കേടുവരുത്തുന്ന വിഷാംശങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നത് കൊണ്ട് ഉണ്ടാകുന്നവ. അതായത് മദ്യപാനം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം, അറിഞ്ഞോ അറിയാതെയോ വിഷ വസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുക - അമീബിയാസിസ്, ലിവർ സിറോസ്സിസ് മുതലായവ.
വൈറൽ ഹെപ്പറ്റൈറ്റിസിൽ A യും E യും ഒരേ സ്വഭാവമുള്ളതും പേടി വേണ്ടാത്തതും മിക്കവാറും പൂർണമായും മാറ്റുവാൻ കഴിയുന്നതുമാണ്. B യും C യും കുറച്ച് സങ്കീർണത ഉള്ളതും ചികിത്സിച്ചു മാറ്റുവാൻ പ്രയാസമുള്ളതുമാണ്.
  • മലിന ജലത്തിന്റെ ഉപയോഗം.
  • മനുഷ്യ വിസർജനം തുടങ്ങിയ മാലിന്യങ്ങൾ അടങ്ങിയ വെള്ളം ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം.
  • ഭക്ഷണ സാധനങ്ങൾ തുറന്നുവെക്കുന്നത്.
  • നല്ലപോലെ കഴുകി വൃത്തിയാക്കാത്ത പച്ചക്കറി ഉപയോഗിക്കുക.
  • പകുതി വേവിച്ച പന്നിയിറച്ചി, കക്കയിറച്ചി മുതലായ ഭക്ഷണസാധനങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ് കാരണങ്ങൾ.
ശരീര വേദന, പനി, കുളിര്, വിശപ്പില്ലായ്മ, തളർച്ച, ദഹനസംബന്ധമായ പ്രയാസങ്ങൾ തുടങ്ങിയവയാണ് തുടക്കത്തിൽ കാണുക. ഏകദേശം ഒരാഴ്ച കഴിയുമ്പോഴേക്കും മൂത്രത്തിന് കട്ടി കൂടി മഞ്ഞനിറത്തിൽ ആവുക, കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞനിറം കാണുക, നഖം കൈവള്ള മുതലായ ഭാഗങ്ങളിൽ മഞ്ഞനിറം ഉണ്ടാവുക വയറ്റിൽ നിന്ന് പോകുന്നത് ചെളി പോലെയാവുക വയറുവേദന അസ്വസ്ഥത മുതലായവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
ഏകദേശം 99% അസുഖങ്ങളും സങ്കീർണത ഉണ്ടാക്കാത്തതാണ്. പക്ഷേ ചെറിയ ശതമാനം കരളിന്റെ പ്രവർത്തന വൈകല്യം ഉണ്ടാക്കും.
ഗർഭിണികളും, കുട്ടികളും, പ്രമേഹ രോഗികളും മഞ്ഞപ്പിത്തം വന്നാൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതാണ്.
രോഗലക്ഷണങ്ങൾ കൊണ്ടും രക്തത്തിലെ BILIRUBIN ന്റെ അളവ് പരിശോധന (HYPER BILIRUBINEMIA), LIVER FUNCTION TEST, SCAN പരിശോധന മുതലായയിലൂടെയും രോഗ നിർണ്ണയം നടത്താവുന്നതാണ്. SERUM BILIRUBIN ന്റെ നോർമൽ അളവ് 0.6 മുതൽ 1 വരെ ആണ്. 3-4 ആഴ്ചകൾ ചിലപ്പോൾ അസുഖം നീണ്ടു നിൽക്കാം.
കാരണങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ചികിത്സയിൽ പ്രധാനം. രണ്ടു-മൂന്ന് ആഴ്ച പൂർണ്ണവിശ്രമം മഞ്ഞപ്പിത്തം അല്ലെങ്കിൽ കാമല ചികിത്സയിൽ ആവശ്യമാണ്. വിശ്രമം എന്ന് ഉദ്ദേശിക്കുന്നത് ഒരേ പോലെ കിടക്കുക എന്നല്ല മറിച്ച് കഠിനമായ ജോലി, യാത്ര മുതലായവ ഒഴിവാക്കുക എന്നതാണ്.
രോഗലക്ഷണങ്ങളാണ് ചികിത്സ നിർണയിക്കുന്നത്.
  • മലർ, മല്ലി, നറുനീണ്ടി, രാമച്ചം തുടങ്ങിയവ ഇട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ ഇടയ്ക്കിടയ്ക്ക് കുറേശ്ശെ കുടിക്കുക.
  • പോഷക സമ്പുഷ്ടമായ പഴം, ഇലക്കറികൾ, പച്ചക്കറി തുടങ്ങിയവ ഇടയ്ക്കിടെ കുറേശ്ശെ കഴിക്കുക.
  • ദഹിക്കുവാൻ പ്രയാസമുള്ള എണ്ണ, നെയ്യ് മുതലായവ ഒഴിവാക്കുന്നതാണ് നല്ലത്.
  • വെള്ളം ധാരാളമുള്ള പൊടിയരി കഞ്ഞി ഇടയ്ക്കിടെ ഉപയോഗിക്കുന്നത് നല്ലതാണ്.
  • ആഹാരമായാലും വെള്ളമായാലും ചെറു ചൂടോടെ കഴിക്കുന്നതാണ് ഉത്തമം.
  • ദ്രാക്ഷാദി കഷായം, ഗോരോചനാദി ഗുളിക, ധാന്വന്തരം ഗുളിക, അവിപത്തി ചൂർണ്ണം മുതലായ ഔഷധങ്ങൾ യുക്തമായ അളവിൽ വൈദ്യ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.
  • രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക.

വളരെ കാലമായി തുടർച്ചയായി ആധുനിക ചികിത്സ ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തിയാണെങ്കിൽ പോലും അതിന്റെ കൂടെ ആയുർവേദ ഔഷധങ്ങൾ കൂടി ഉപയോഗിച്ചാൽ രോഗത്തിന്റെ തീവ്രത കുറയ്ക്കുവാനും ക്രമേണ ആധുനിക ഔഷധങ്ങൾ കുറച്ചു കൊണ്ടുവരാൻ സാധിക്കുന്നതാണ്.

Comments

Popular posts from this blog