ആസ്ത്മയും ആയുർവേദ ചികിത്സയും
ആസ്ത്മ എന്ന പേര് കേട്ടാലറിയാത്തവർ ചുരുക്കമായിരിക്കും.അത്രമാത്രം സർവ്വസാധാരണമാണ് ഈ അസുഖം. ഏതു പ്രായക്കാരിലും ഏതു സമയത്തും ആസ്ത്മ രോഗം വരാം. ഇന്ത്യയിൽ ഏകദേശം 15 ദശലക്ഷം രോഗികൾ പ്രതിവർഷം ചികിത്സയ്ക്ക് വിധേയമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആസ്ത്മ രോഗികളുടെ ലോക ജനസംഖ്യയിൽ പത്തിൽ ഒരാൾ ഇന്ത്യക്കാരനാണ് എന്നതാണ് വസ്തുത.
ആയുർവേദത്തിൽ വിവരിച്ചിട്ടുള്ള 5 വിധത്തിലുള്ള ശ്വാസരോഗങ്ങളിൽ ഒരു സ്വതന്ത്ര രോഗമാണ് തമക ശ്വാസം അഥവാ BRONCHIAL ആസ്ത്മ.
ആസ്ത്മ ചിലപ്പോൾ നിസ്സാര രോഗമായി ആരംഭിക്കുകയും വേണ്ട രീതിയിൽ ചികിത്സിക്കാതിരുന്നാൽ ദൈനംദിന ജീവിതത്തിന് തന്നെ വെല്ലുവിളിയാവുകയും ചെയ്യും. ചിലപ്പോൾ ജീവന് തന്നെ ഹാനീകരമാവുകയും ചെയ്യാം.
പുകവലി, പുകവലിക്കുന്നവരുടെ സ്ഥിരം സാന്നിധ്യം (PASSIVE SMOKING), പുക, കാറ്റ്, വെയിൽ, പൂപ്പൽ, പൊടിപടലങ്ങൾ, പൂമ്പൊടി, വളർത്തുമൃഗങ്ങൾ, വായുമലിനീകരണം, ചില തരത്തിലുള്ള ഔഷധങ്ങൾ, ദഹിക്കുവാൻ പ്രയാസമുള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ, തണുത്ത ആഹാര പാനീയങ്ങൾ, കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, വൈകാരിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഉത്കണ്ഠ, ചില സുഗന്ധദ്രവ്യങ്ങൾ, ചില പ്രത്യേകതരം സുഗന്ധം, പഴകിയ സൈനസൈറ്റിസ്, ചെവിയിലും മൂക്കിലും ഉണ്ടാകുന്ന അണുബാധ, മൂക്കിലെ ദശ വളർച്ച, കുട്ടികളിൽ ഉണ്ടാകുന്ന കരപ്പൻ മുതലായ ത്വക് രോഗങ്ങൾ കൃത്യമായി ചികിത്സിച്ചു മാറ്റാതിരിക്കുക മുതലായ ധാരാളം കാരണങ്ങളുണ്ട്. പാരമ്പര്യവും ഒരു പ്രധാന ഘടകം തന്നെയാണ്.
പാലും പാലുൽപ്പന്നങ്ങളും സാധാരണ ഗതിയിൽ ആസ്ത്മക്ക് കാരണമാകുന്നില്ലയെങ്കിലും അവ കാരണം അലർജി ഉണ്ടാവുകയാണെങ്കിൽ അവ വർജ്ജിക്കേണ്ടതാണ്.
തുടർച്ചയായ ചുമ, ചുമ കാരണം രാത്രിയിൽ ഉറക്കം നഷ്ടപ്പെടുക, ശ്വസന ദൈർഘ്യം കുറയുക, ശ്വാസതടസ്സം, നെഞ്ച് കുടുങ്ങിയതുപോലെ തോന്നുക, വലിവ്, കുറുകുറുപ്പ്, ഉത്കണ്ഠ മുതലായവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങൾ.
മറ്റ് രോഗങ്ങളിൽ എന്നത് പോലെ തന്നെ കൃത്യമായ രോഗ നിർണ്ണയം ആസ്ത്മയിൽ പ്രധാനമാണ്. ജോലി സംബന്ധമായതും പരിസ്ഥിതി സംബന്ധമായുമുള്ള വിവരങ്ങൾ, രക്തപരിശോധന, PULMONARY FUNCTION TEST , CHEST X-RAY , PULSEOXIMETER പരിശോധന, PEAK EXPIRATORY FLOW , MRI മുതലായ പരിശോധനകളിലൂടെ വളരെ കൃത്യമായ രോഗ നിർണ്ണയം നടത്താവുന്നതാണ്. രോഗപാരമ്പര്യവും പരിഗണിക്കേണ്ടതാണ്.
രോഗ കാരണങ്ങളെ കണ്ടെത്തി അവ ഒഴിവാക്കുക എന്നത് തന്നെയാണ് ചികിത്സയിൽ ഏറ്റവും പ്രധാനം. രോഗ കാരണങ്ങളെ സംബന്ധിച്ച വളരെ കൃത്യമായ അവബോധം രോഗികൾക്ക് ഉണ്ടാക്കുന്നത് ചികിത്സ വിജയത്തിന് അനിവാര്യമാണ്. സാമൂഹ്യ ജീവിയായ മനുഷ്യന് രോഗ കാരണങ്ങളെ പൂർണ്ണമായി ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ രോഗവുമായി സമരസപ്പെട്ടു ചികിത്സ തുടർന്ന് കൊണ്ടിരിക്കേണ്ടതായി വരാം. അതാത് കാരണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയെങ്കിൽ മാത്രമേ അസുഖം പൂർണ്ണമായും മാറ്റുവാൻ സാധിക്കുകയുള്ളൂ.
പ്രാഥമികാരോഗ നിർണ്ണയ സമയത്തു ഇഞ്ചിനീര്, ആടലോടകത്തിൻ നീര്, വെള്ളുള്ളിനീര്, ചെറുനാരങ്ങാനീര്, മുതലായവ തേൻ ചേർത്ത് കഴിച്ചാൽ ശ്വാസം നാളത്തിനുള്ള തടസം താൽക്കാലികമായി ഒഴിവാക്കാൻ സഹായകമാകും.
കോഴിമുട്ട വെള്ളയും, ആടലോടകത്തിൻ നീരും, തേൻ ചേർത്ത് കഴിച്ചാലും ശ്വാസ തടസ്സം താൽക്കാലികമായി മാറിക്കിട്ടും.
കടുകെണ്ണ, കർപ്പൂരം പൊടിച്ചു ചേർത്ത് നെഞ്ചിൽ പുരട്ടി വിയർപ്പിച്ചാൽ താൽക്കാലിക ശമനം ഉണ്ടാകും. ദശമൂല കടുത്രയ കഷായം, ഇന്ദുകാന്ത കഷായം, ദാർവാദി കഷായം, ശ്വാസാനന്തം ഗുളിക, ഗോരോചനാധി ഗുളിക, ഗോപീചന്ദനാദി ഗുളിക, കൂശ്മാണ്ട രസായനം, അഗസ്ത്യരസായനം, ദശമൂലരസായനം, തുടങ്ങിയ ധാരാളം ഔഷധങ്ങൾ ആയുർവേദത്തിൽ നിർദ്ദേശിക്കുന്നുണ്ടെങ്കിലും യുക്തമായ രീതിയിലും യുക്തമായ മാത്രയിലും യുക്തമായ വ്യക്തികൾക്കും പ്രയോഗിക്കുമ്പോൾ മാത്രമേ ഉദ്ദേശിച്ച ഫലം ഉണ്ടാവുകയുള്ളൂ. അതിനു ചികിത്സായോഗ്യതയുള്ള ആയുർവേദ ചികിത്സകന് മാത്രമേ കഴിയൂ. പ്രാണായാമം പോലുള്ള ശ്വസനക്രമീകരണങ്ങളും ആസ്ത്മ ചികിത്സയിൽ ഫലപ്രദമാണ്.
ശരീരമാസകലം നീര്, കണ്ണും മുഖവും രക്തവർണ്ണത്തിൽ ആകുക, ചർദ്ധിക്കുന്നതിലും മൂത്രത്തിലും രക്തം കാണുക, മോഹാലസ്യം, ശരീര തളർച്ച മുതലായവ കണ്ടാൽ വളരെ ഗൗരവമായി കണക്കിലെടുത്തു എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രിയിൽ ചികിത്സ തേടുന്നതാണ് ഉചിതം.
HEPATITIS-B ,C മുതലായവയ്ക്ക് ഫലപ്രദമായ പ്രതിരോധ ചികിത്സ ആധുനിക ചികിത്സാശാസ്ത്രത്തിൽ ലഭ്യമാണ്. ഏതു പ്രായക്കാർക്കും ഇത് പ്രയോഗിക്കാവുന്നതുമാണ്.
Comments
Post a Comment